ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. നമ്മൾ കുഞ്ഞുനാളിലെ ശീലിക്കുന്ന നല്ല ശീലങ്ങൾ ജീവിതാവസാനം വരെ നിലനിൽക്കും. ദന്താരോഗ്യത്തിൻ്റെ കാര്യവും ഇങ്ങനെ തന്നെ . നമ്മൾ കുഞ്ഞുനാളിലെ നല്ല ദന്ത ശുചിത്വം ശീലിച്ചാൽ അത് നമ്മുടെ മുഴുവൻ ജീവിതത്തിലും നല്ല ആരോഗ്യത്തിലേക്കുളള ഒരു ആദ്യപടി ആയിരിക്കും.
ആദ്യ ചുവടുവയ്പ്
ദന്ത ശുചിത്വത്തിൻ്റെ തുടക്കം വായിൽ ആദ്യത്തെ പല്ലു വന്നു തുടങ്ങുമ്പോൾ മുതലാണ്. ആദ്യ പല്ല് വായിൽ വരുന്നത് മുതൽ ബ്രഷിംഗ് ആരംഭിക്കാവുന്നതാണ് . ടൂത്ത്പേസ്റ്റ് ഉപയോഗിക്കണം എന്ന് നിർബന്ധമില്ല . കുഞ്ഞു ജനിക്കുമ്പോൾ തന്നെ എല്ലാ പല്ലുകളും താടിയെല്ലിൽ ഉണ്ടായിരിക്കുന്നതാണ്. മൂന്ന് വയസ്സാകുമ്പോഴേക്കും മിക്കവാറും എല്ലാ പല്ലുകളും മോണയ്ക്ക് വെളിയിൽ എത്തിയിരിക്കും .
Early Childhood Carries\Nursing Bottle Carries ആണ് കുഞ്ഞിൻറെ വായിൽ ആദ്യമായി കാണുന്ന ദന്തക്ഷയം. ഇത് തടയാനായി പാലു കുടിച്ച ശേഷം ഒരു നനഞ്ഞ തുണി വച്ച് പല്ലും മോണയും തുടച്ചു വൃത്തിയാക്കേണ്ടതാണ് . അതുപോലെ ഇടയ്ക്ക് വെള്ളം കുടിക്കുന്നതും ഇത്തരം കേട് തടയാൻ സഹായിക്കും . കേടിൻ്റെ തുടക്കം ഒരിക്കലും ബ്രൗൺ നിറം അല്ല. അത് ഒരു വെളുത്ത കുത്തായിട്ടാണ് (White Spot) ആയിട്ടാണ് തുടങ്ങുന്നത് . അതിനാൽ ഇത് നേരത്തെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രദ്ധിക്കുക .
Early Childhood Carries കൂടുതലായും കാണുന്നത് മുകൾ നിരയിലെ പല്ലുകളിൽ ആയിരിക്കും(Maxillary Anterior Teeth). പിന്നെ അത് സാവധാനം അണപ്പല്ലിലേക്കും പിന്നെ പിൻനിരയിലെ പല്ലുകളിലേക്കും എത്തും. താഴെ മുൻനിരയിലെ പല്ലുകൾക്ക് (Mandibular Anterior Teeth) കേടു വരാതിരിക്കാൻ ഉള്ള കാരണം അവിടെ ധാരാളം ഉമിനീർ ഗ്രന്ഥികൾ ഉണ്ട് എന്നതാണ് . ഇവ എപ്പോഴും പല്ലിനെ കഴുകി കൊണ്ടിരിക്കും.അതിനാൽ ഇത്തരം കേടുകൾ താഴത്തെ പല്ലുകളെ ബാധിക്കുന്നത് കുറവാണ്.
ദന്ത ഡോക്ടറകുള്ള പങ്ക്
മാതാപിതാക്കൾ കുഞ്ഞിൻ്റെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ പോലെ തന്നെ ദന്തസംരക്ഷണത്തിനു വലിയ പ്രാധാന്യം നൽകേണ്ടതാണ്. അതിനാൽ കുഞ്ഞുനാളിലെ തന്നെ കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുവരേണ്ടതാണ്.സ്ഥിരദന്തങ്ങൾ (Permanent Tooth) വായിൽ വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഓരോ പ്രായത്തിലും പോകേണ്ടതും വരേണ്ടതുമായ പല്ലുകൾ ഉണ്ട് അതിനാൽ ദന്തഡോക്ടറുടെ കൃത്യമായി നിർദ്ദേശമില്ലാതെ കുഞ്ഞിൻ്റെ ഒരു പല്ലും എടുത്തുകൊടുക്കാൻ മുതിരരുത് . ഇത് നിരതെറ്റി പല്ലുകൾ വെളിയിൽ വരുന്നതിന് കാരണമായിത്തീരും.
കുട്ടികളുടെ റൂട്ട് കനാൽ (Pulpectomy) ചെയ്യുന്നതിലൂടെ ചില കേടുവന്ന പല്ലുകൾ നിലനിർത്തുവാൻ സാധിക്കും. ഇതിനു സാധിക്കാത്ത പല്ലുകൾ മാത്രമേ എടുത്തുകളയേണ്ടതുള്ളൂ . സ്ഥിരദന്തങ്ങൾ വരുന്നതിനു മുൻപായി പല്ലുകളുടെ നിര തെറ്റാതിരിക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്പേസ് മെയിൻ്റയ്നെർസ് (Space Maintainers) നിർബന്ധമായും കുഞ്ഞിനു നൽകണം.
കുട്ടികളിൽ താടി എല്ലിൻ്റെ വളർച്ചയും വളരെയേറെ പ്രാധാന്യമർഹിക്കുന്നു. താടിയെല്ലിൻ്റെ നിയന്ത്രണാതീതമായ വളർച്ചയെ തടയാനായി റിമൂവബിൾ (Removable Appliance) അല്ലെങ്കിൽ ഫിക്സഡ് (Fixed Appliance) അപ്ലൈൻസ് ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകേണ്ടതാണ് . സാധാരണയായി കുഞ്ഞുങ്ങൾ വിവിധതരം ദുശീലങ്ങൾ കാണിക്കാറുണ്ട് . വിരൽ കുടിക്കുക, വായ തുറന്ന് ഉറങ്ങുക , നാക്ക് വെളിയിൽ ഇടുക തുടങ്ങിയവയാണ് സാധാരണ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരം ദുശ്ശിലങ്ങൾ താടിയെല്ലിൻ്റെ വളർച്ചയെ സാരമായി ബാധിക്കും. ഇത് തടയാനായി നേരത്തെ തന്നെ ദന്തഡോക്ടറുടെ നിർദ്ദേശപ്രകാരം ഹാബിറ്റ് ബ്രേക്കിംഗ് അപ്ലൈൻസ് (Habit Breaking Appliance ) ഉപയോഗിക്കേണ്ടതാണ്.
സൂചി വയ്ക്കും എന്നൊന്നും പറഞ്ഞു കുട്ടികളെ പേടിപ്പിക്കാതിരിക്കുവാൻ പരമാവധി ശ്രമിക്കുക. ഇത് കുഞ്ഞിൻറെ മനസ്സിൽ ഭീതി വളർത്തും. നന്നായി സഹകരിക്കുന്ന കുട്ടിയെ പാരിതോഷികങ്ങൾ നൽകി ഡോക്ടർമാർക്കും പ്രോത്സാഹിപ്പിക്കാവുന്നതാണ് . അതിനാൽ കുട്ടികളുടെ ദന്താരോഗ്യത്തിൽ ദന്തഡോക്ടർ വഹിക്കുന്ന പങ്കു വളരെ വിലയേറിയതാണെന്ന് മനസ്സിലായില്ലേ.!!
Disclaimer: The content in this article in intended solely for information purpose and is not treatment recommendation. Please consult your doctor for all treatment plans.