ജീവിതത്തതിൽ ഒരു തവണയെങ്കിലും പല്ലുവേദന അനുഭവിച്ചവർക്കേ അതിൻ്റെ കാഠിന്യം മനസ്സിലാവുകയുള്ളു . പല്ലുവേദന പോലെ തന്നെ ആളുകളെ വലക്കുന്ന ഒന്നാണ് പല്ലു പുളിപ്പ് . നമ്മൾ ഏറെ കൊതിച്ചു വല്ലതും കഴിക്കുമ്പോളാകും പല്ലുപുളിപ്പ് അനുഭവപ്പെടുന്നത് . ചിലപ്പോൾ മധുരമേറിയ എന്തെകിലും, അല്ലെങ്കിൽ തണുത്തൊരു ഐസ്ക്രീം അതും അല്ലെങ്കിൽ ചൂടേറിയ ഒരു ഇഷ്ട ഭക്ഷണം . പല്ലു പുളിപ്പ് തുടങ്ങി കഴിഞ്ഞാൽ പലരും പരസ്യങ്ങളിൽ കാണുന്ന സെൻസിറ്റിവിറ്റി ടൂത്ത്പേസ്റ്റുകളുടെ പിറകെ പോകും, എന്നാൽ വിരലിൽ എണ്ണാവുന്നവർക്കു മാത്രമേ ഇത് ശാശ്വത പരിഹാരം നല്കുന്നുള്ളുവെന്നതാണു വാസ്തവം .
പല്ലുപുളിപ്പിൻ്റെ കാരണങ്ങൾ എന്തെല്ലാം ?
മോണ രോഗങ്ങൾ (Periodontitis)
പല്ലിനു പുളിപ്പ് വരുത്തുന്ന കാരണങ്ങളിൽ പ്രധാനിയാണ് മോണരോഗങ്ങൾ. മോണയുടെ സ്ഥാനത്തിലുള്ള വ്യതിയാനമാണ് പ്രധാന കാരണം. കടുപ്പമേറിയ ബ്രഷ് ഉപയോഗിച്ച ദീർഘനേരം ബ്രഷ് ചെയ്യുന്നതാണ് മോണരോഗത്തിൻ്റെ പ്രധാന കാരണം . ഇത് പല്ലു പുളിപ്പ് ഉണ്ടാക്കാം . സോഫ്റ്റ് ബ്രഷുകൾ ഉപയോഗിക്കുന്നതാണ് എപ്പോളും ഉചിതം .
പല്ലിനു പൊട്ടൽ വരുന്നത് (Cracked Tooth Syndrome)
ഇടിച്ചു വീഴുകയോ അല്ലെങ്കിൽ ബലമുള്ളതു വല്ലതും പല്ലുപയോഗിച്ചു കടിക്കുകയോ ചെയുമ്പോൾ പല്ലിനു ക്ഷതമേൽകുന്നത് വഴി പല്ലു പുളിപ്പുണ്ടാവാം
ശീതള പാനീയങ്ങളുടെ ഉപയോഗം
കോള , സോഡ , അച്ചാർ , നാരങ്ങാ വെള്ളം, ചില കാർബോണേറ്റഡ് ഡ്രിങ്ക്സ് എന്നിവയുടെ ഉപയോഗം പല്ല് ദ്രവിക്കുന്നതിനും തുടർന്ന് പല്ലു പുളിപ്പിലേക്കും നയിക്കും . മേൽപ്പറഞ്ഞ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ നമ്മുടെ പല്ലുകളെ സംരക്ഷിക്കുവാനുള്ള പ്രധിരോധ പ്രക്രിയ നമ്മുടെ ശരീരം നടത്താറുണ്ട്. ആയതിനാൽ മേൽ പറഞ്ഞവ ഉപയോഗിച്ച ശേഷം അര മണിക്കൂർ കഴിഞ്ഞു മാത്രം വായ കഴുകുകയോ പല്ലു തേക്കുകയോ ചെയ്യുക.
പലതരം ഉദ്ദിപനങ്ങൾ
താപം , രസം , മർദ്ദം, സ്പർശം തുടങ്ങിയ ഉദ്ദിപനങ്ങൾ പല്ലു പുളിപ്പുണ്ടാക്കാം . ഇവ പല്ലിൻ്റെ ഏറ്റവും പുറത്തെ ആവരണമായ ഇനാമലിനു തൊട്ടു താഴെയുള്ള ഡെൻ്റിനിലെ ഡൻ്റിനൽട്യൂബർക്കലിനെ ബാധിക്കുന്നു . ഇത് ട്യൂബെർക്കിലിൻ്റെ വ്യാസത്തിൽ വ്യതിയാനം വരുത്തുകയും ഇത് വഴി കൂടുതൽ ഉദ്ദിപനങ്ങൾ പല്ലിനകത്തെത്തുകയും ചെയ്യും . ഇതിൻ്റെ പരിണിത ഫലമായ് വേദന ഉണ്ടാക്കുന്ന നാഡി വ്യൂഹം വേദന പുറപ്പെടുവിക്കുകയും ഇത് പുളിപ്പായി അനുഭവപ്പെടുകയും ചെയ്യുന്നു .
ഗർഭിണികളിലെ ചർദ്ദി
ഛർദ്ദിക്കുമ്പോൾ വരുന്ന അസിഡിറ്റി മുൻഭാഗങ്ങളിലെ പല്ലുകളിൽ പറ്റിപിടിക്കും . ഇത് പല്ലിൻ്റെ തേയ്മാനത്തിലേക്കും തുടർന്ന് പല്ലു പുളിപ്പിലേക്കും നയിക്കും
ദുശ്ശിലങ്ങൾ
പുകവലി, മുറുക്കൽ , ഉറക്കത്തിലെ പല്ലിറുമ്മൽ എന്നിവ പല്ലുകളുടെ തേയ്മാനത്തിലേക്കും തുടർന്ന് പല്ലു പുളിപ്പിലേക്കും നയിക്കും
പൾപ്പൈറ്റിസ്
പല്ലുകളിലെ കേടു ഇനാമൽ ഡെൻ്റിന് എന്നിവ കഴിഞ്ഞ് പൾപ്പിൽ എത്തുമ്പോഴാണ് പൾപ്പൈറ്റിസ് അല്ലെങ്കിൽ ദന്ത മജ്ജ വീക്കം ഉണ്ടാകുന്നത്. ഇങ്ങനെയുള്ള പല്ലുകളിൽ കുത്തേൽക്കുമ്പോഴോ , തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ പല്ലു പുളിപ്പ് അനുഭവപ്പെടാം
പല്ലു പുളിപ്പ് വരാതിരിക്കുവാനുള്ള മുൻകരുതലുകൾ എന്തെല്ലാം ?
- ദിവസം രണ്ടു നേരം മൂന്ന് മിനുറ്റ് വീതം പല്ല് ബ്രഷ് ചെയ്യുക
- സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുക (eg:Colgate Gentle Enamel Ultra Soft Bristles )
- വെള്ള അല്ലെങ്കിൽ പിങ്ക് ക്രീം പേസ്റ്റ് ഉപയോഗിക്കുക (eg:Colgate Strong Teeth) . ജെൽ പേസ്റ്റ് ഒഴിവാക്കുക
- അമർത്തി ബ്രഷ് ചെയ്യാതിരിക്കുക
- പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക
- ഗർഭകാലത്ത് ദന്തശുചിത്വം ഉറപ്പു വരുത്തുക
- അസിഡിക് ആയ ഭക്ഷണങ്ങൾ മിത പെടുത്തുക
- വ്യാകുലത ഭയം എന്നിവ പരമാവധി ഒഴിവാക്കുക
- ഗ്യാസ്ട്രൈറ്റിസ് കൂടുതലായുള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടണം . ഇവർക്ക് വായിലേക്ക് പുളിപ്പ് തികട്ടി വരുന്ന ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (Gastroesophageal reflux disease) ഉണ്ടാകും . ഇത് പല്ലു പുളിപ്പിലേക്ക് നയിക്കാറുണ്ട്
പല്ലു പുളിപ്പിനുള്ള ചികിത്സാ മാർഗ്ഗങ്ങൾ എന്തെല്ലാം ?
- ഡീസെൻസിറ്റിവിറ്റി ടൂത്ത്പേസ്റ്റ് (eg:Vantej Toothpaste)ഉപയോഗിക്കാം
- മോണ കീഴ്പോട്ടിറങ്ങിയവരിൽ മ്യുക്കോജിൻചൈവൽ സർജറി (Mucogingival Surgery) ചെയ്യാം
- ലേസർ അവലംബിച്ചുള്ള ചികിത്സാരീതി ഫലപ്രദമാണ്
- ചില അവസരങ്ങളിൽ റൂട്ട് കനാൽ ട്രീറ്റ്മെന്റ് നടത്താവുന്നതാണ്
- തേയ്മാനം വന്ന ഭാഗങ്ങളില് പല്ലിന്റെ നിറമുള്ള ഗ്ലാസ് അയണോമെർ ഫില്ലിംഗ് (Glass Ionomer Filling) ഉപയോഗിച്ചു അടക്കാവുന്നതാണ്
ഇതൊക്കെയാണ് പല്ലുപുളിപ്പ് അനുഭവപ്പെട്ടാൽ ഒരു വ്യക്തി മനസ്സിലാക്കേണ്ട പ്രാഥമിക വസ്തുതകൾ . അല്ലാതെ സ്വയ ചികിത്സ അരുത് . അത് ഒരിക്കലും ഒരു ശാശ്വത പരിഹാരം നൽകില്ലെന്ന് മനസ്സിലായില്ലേ..?